Malayalathinama breaking news:
Home / Hot news / ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം
ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം

ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം

മതപരിവര്‍ത്തനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇന്ത്യയില്‍ മദര്‍ തെരേസയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെന്ന ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം. പരാമര്‍ശം പിന്‍വലിക്കണമെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. വിവിധ ക്രൈസ്‌തവ സംഘടനകള്‍ക്കുപുറമേ മദര്‍ തെരരേസ സ്‌ഥാപിച്ച സന്യാസിനീ സമൂഹമായ മിഷണറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ നേതൃത്വവും ഭാഗവതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം പ്രസ്‌താവനയില്‍ തെറ്റൊന്നുമില്ലെന്ന വാദവുമായി ആര്‍.എസ്‌.എസ്‌. നേതൃത്വം ഭാഗവതിനു പ്രതിരോധം തീര്‍ത്തു.
പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പ്രതീക്ഷയുടെ ദീപനാളമായിരുന്നു മദര്‍ തെരേസയെന്ന്‌ വത്തിക്കാന്‍ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള പാവങ്ങള്‍ക്കു പ്രചോദനമായിരുന്നു അവരുടെ ജീവിതമെന്നു ഭാഗവതിന്റെ പ്രസ്‌താവനയോടു പ്രതികരിക്കാതെ വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്‌താവന പറയുന്നു.
ഭാഗവത്‌ രാജസ്‌ഥാനില്‍ നടത്തിയ പ്രസ്‌താവന ആയുധമാക്കി പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. ശൂന്യവേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ലോക്‌സഭയില്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചത്‌. എന്നാല്‍ സ്വതന്ത്ര സംഘടനകളുടെ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി പ്രസ്‌താവനകളില്‍ ഇടപെടാനാകില്ലെന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു വ്യക്‌തമാക്കി. ഇതോടെ വിഷയം ഉന്നയിക്കാന്‍ അനുവദിക്കാനാകില്ലെന്ന്‌ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ നിലപാടു സ്വീകരിക്കുകയായിരുന്നു. വിഷയം പാര്‍ലമെന്റിലുന്നയിച്ച കോണ്‍ഗ്രസിനു പുറമേ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും പ്രസ്‌താവന പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ നിര്‍മല്‍ ഹൃദയ്‌ ആശ്രമത്തില്‍ മദറിനൊപ്പം സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കാലത്തെ അനുസ്‌മരിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാള്‍ അവരുടെ പേര്‌ വിവാദങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്നതിലുള്ള എതിര്‍പ്പ്‌ ട്വിറ്ററില്‍ പങ്കുവച്ചു.
കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്‌, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍, പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവരും ശക്‌തമായ ഭാഷയില്‍ ഭാഗവതിന്റെ വാക്കുകളെ അപലപിച്ചു.
ഭാഗവതിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മതപരിവര്‍ത്തനമെന്നത്‌ മദറിന്റെ മനസില്‍ പോലുമുണ്ടായിരുന്നില്ലെന്നതു വ്യക്‌തമാണെന്നായിരുന്നു മിഷണറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ വക്‌താവ്‌ സുനിത കുമാറിന്റെ പ്രതികരണം. നിസ്വാര്‍ഥ സേവനമെന്ന ഒറ്റലക്ഷ്യം മാത്രമായിരുന്നു മദറിനുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മദര്‍ തെരേസയെക്കുറിച്ചു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം മനുഷ്യത്വരഹിതമാണെന്ന്‌ സി.ബി.സി.ഐ. അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവ പറഞ്ഞു. നൊബേല്‍ സമ്മാനിതയും ഭാരതരത്ന ജേതാവുമായ മഹദ്‌ വ്യക്‌തിത്വത്തെ അനാവശ്യമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്നത്‌ ദൗര്‍ഭാഗ്യകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
അതേസമയം മദറിനെതിരായ ഭാഗവതിന്റെ പരാമര്‍ശത്തെ ആര്‍.എസ്‌.എസ്‌. ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ അനുകൂലിച്ചു. മതപരിവര്‍ത്തനമാണ്‌ ക്രിസ്‌ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ആര്‍.എസ്‌.എസിന്റെ പ്രതികരണം.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions